Malayalam News Portal

Friday, September 25, 2026

എ.ഐ ക്യാമറ പിഴ നോട്ടീസുകള്‍ കുടുംബ കലഹങ്ങള്‍ക്ക് ഇടയാക്കിയതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ സ്വകാര്യമാക്കി ഇ- ചെല്ലാന്‍ പോര്‍ട്ടല്‍ പരിഷ്‌കരിച്ചു


എ.ഐ ക്യാമറ പിഴ നോട്ടീസുകള്‍ കുടുംബ കലഹങ്ങള്‍ക്ക് ഇടയാക്കിയതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ സ്വകാര്യമാക്കി ഇ- ചെല്ലാന്‍ പോര്‍ട്ടല്‍ പരിഷ്‌കരിച്ചു. വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങള്‍ പരിശോധിക്കാന്‍ കഴിയുകയുള്ളൂ. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ ഇതിന് വേണ്ടിവരും. പിഴ ചുമത്തുന്നത് സംബന്ധിച്ച അറിയിപ്പ് വരുന്ന എസ്.എം.എസിലുള്ള ചെല്ലാന്‍ നമ്പര്‍ ഉപയോഗിച്ചും പിഴ വിശദാംശങ്ങള്‍ പരിശോധിക്കാം. 


എ.ഐ ക്യാമറ പകര്‍ത്തുന്ന ചിത്രങ്ങളിലെ സ്വകാര്യത നിലനിര്‍ത്താനാണ് തീരുമാനം. മുന്‍പ് രജിസ്‌ട്രേഷന്‍ നമ്പര്‍ കൈവശമുണ്ടെങ്കില്‍ ഏത് വാഹനത്തിന്റെയും പിഴ വിവരങ്ങള്‍ പരിശോധിക്കാനും നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിഞ്ഞിരുന്നു. ചിലര്‍ ഇത്തരം ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പിഴ വിവരങ്ങള്‍ തിരയുകയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതും പരാതിക്ക് ഇടയാക്കി.


കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും അയയ്ക്കുന്ന ചിത്രങ്ങളും ചില കുടുംബങ്ങളില്‍ അസ്വാരസ്യത്തിന് ഇടയാക്കിയിരുന്നു. തിയേറ്ററില്‍ നിറഞ്ഞോടുന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നായകനും നായികയും സീറ്റ് ബെല്‍റ്റ് ഇടാതെ നടത്തിയ രഹസ്യയാത്രയ്ക്ക് പിഴചുമത്തിയ ചി്ത്രമുള്ള നോട്ടീസ് കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നതെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇതിവൃത്തമാകുന്നുണ്ട്. 


ഇത്തരം സാഹചര്യങ്ങള്‍ പല കുടുംബങ്ങളില്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് സ്വകാര്യത സംരക്ഷിക്കാന്‍ തീരുമാനിച്ചത്. വാഹനങ്ങള്‍ സ്വകാര്യ ഇടമായി കണക്കാക്കാമെങ്കിലും പൊതുസ്ഥലത്തെ നിയമലംഘനങ്ങള്‍ പകര്‍ത്താന്‍ കേന്ദ്രാനുമതിയുണ്ട്. എന്നാല്‍ സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയുണ്ട്.

Post a Comment

Whatsapp Button works on Mobile Device only