തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷയ്ക്കു ‘മിനിമം മാർക്ക്’ വ്യവസ്ഥ ഈ അധ്യയനവർഷം നടപ്പാക്കില്ല. അതേസമയം 8,9 ക്ലാസുകളിലടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്തു മിനിമം മാർക്ക് രീതി നടപ്പാക്കിയതു തുടരും. ഈ വർഷം 10–ാം ക്ലാസിൽ മിനിമം മാർക്ക് രീതി നടപ്പാക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത് തൽക്കാലം നടപ്പാക്കേണ്ടെന്നാണു യുഡിഎഫ് സർക്കാരിന്റെ തീരുമാനം. പ്രായോഗിക പ്രശ്നങ്ങളടക്കം പരിശോധിക്കേണ്ടതിനാലാണു നടപടിയെന്നു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ അറിയിച്ചു.
നിരന്തരമൂല്യനിർണയത്തിന് (സിഇ) അധ്യാപകർ നൽകുന്ന 20% മാർക്കുകൂടി ജയത്തിനു പരിഗണിക്കുന്ന രീതിക്കു പകരം ഓരോ വിഷയത്തിനും ജയിക്കാൻ എഴുത്തുപരീക്ഷയ്ക്കുതന്നെ 30% മാർക്ക് നേടണമെന്നതാണു മിനിമം മാർക്ക് വ്യവസ്ഥ.
പഠനനിലവാരം കുറയുന്നു എന്ന പരാതികളെത്തുടർന്നാണു മിനിമം മാർക്ക് രീതി മടക്കിക്കൊണ്ടുവരാൻ 2 വർഷം മുൻപു തീരുമാനിച്ചത്. 2024–25 ൽ 8–ാം ക്ലാസിലും കഴിഞ്ഞ അധ്യയന വർഷം ഒൻപതിലും നടപ്പാക്കി. ഈ അധ്യയന വർഷം മുതൽ എസ്എസ്എൽസിക്കു നടപ്പാക്കാനും തീരുമാനിച്ചിരുന്നു. 8,9 ക്ലാസുകളിൽ വാർഷിക പരീക്ഷയിൽ 30% മാർക്ക് ലഭിക്കാത്ത കുട്ടികളെ തോൽപിക്കുന്നതിനു പകരം അവധിക്കാലത്തു പ്രത്യേക പരിശീലനം നൽകി വീണ്ടും പരീക്ഷ നടത്തുകയാണു ചെയ്തത്. ഇങ്ങനെ നിശ്ചിത പഠനനിലവാരം ഉറപ്പിക്കുന്ന രീതി കഴിഞ്ഞ അധ്യയന വർഷം യുപി തലത്തിലും നടപ്പാക്കി.
എന്നാൽ എസ്എസ്എൽസിക്ക് ഇതു പ്രായോഗികമല്ലാത്തതിനാൽ എല്ലാ വിഷയത്തിനും എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടാത്തവരെ തോൽപ്പിക്കേണ്ടി വരും. ഇതോടെ, വർഷങ്ങളായി 99 ശതമാനത്തിനു മുകളിലുള്ള എസ്എസ്എൽസി വിജയം കുത്തനെ ഇടിയും. പ്ലസ് വൺ പ്രവേശനം കുറയാനും ഹയർ സെക്കൻഡറിയിൽ കൂടുതൽ തസ്തിക നഷ്ടത്തിനും ഇടയാക്കും. ഇവയെല്ലാം പരിശോധിച്ച ശേഷം മാറ്റം വേണോ എന്നു തീരുമാനിക്കാമെന്നാണു സർക്കാർ നിലപാട്.
ഒന്നാം ക്ലാസ്: വരുന്ന വർഷവും പ്രായപരിധിയിൽ മാറ്റമില്ല
പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അടുത്ത അധ്യയനവർഷവും 5 വയസ്സായി തുടരും. കേന്ദ്ര വിദ്യാഭ്യാസ നയം (എൻഇപി) അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞ പ്രായം 6 വയസ്സാക്കണമെന്ന് 2022 മുതൽതന്നെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളം ആദ്യം വഴങ്ങിയില്ല. ഈ അധ്യയന വർഷം മുതൽ 6 വയസ്സാക്കാൻ 2024ൽ എൽഡിഎഫ് സർക്കാർ തീരുമാനിച്ചെങ്കിലും പിന്നീട് അത് അടുത്ത അധ്യയന വർഷത്തേക്കു മാറ്റി. അതാണിപ്പോൾ യുഡിഎഫ് സർക്കാർ വേണ്ടെന്നുവച്ചിരിക്കുന്നത്. വർഷങ്ങളായി കേരളത്തിൽ തുടരുന്ന 5 വയസ്സ് മാറ്റേണ്ടതില്ലെന്നും 6 വയസ്സാക്കിയാൽ ആ വർഷം ഒന്നാം ക്ലാസിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറയുമെന്നുമാണു വിലയിരുത്തൽ.

Post a Comment