തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ മത്സരിച്ച മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാലിനു വേണ്ടി രാഷ്ട്രീയപ്രചാരണം നടത്തിയ ഇടതുസംഘടനാ നേതാക്കൾ കൂടിയായ 4 പൊലീസ് ഉദ്യോഗസ്ഥർക്കു സ്ഥലംമാറ്റം. കൊല്ലം റൂറലിൽ ജോലി ചെയ്യുന്ന ഇവരെ ജില്ലയ്ക്കു പുറത്തേക്കു മാറ്റി. ഗ്രേഡ് എസ്ഐ: എസ്.നജീം, സീനിയർ സിപിഒ എ.എസ്.ശിവേഷ് എന്നിവരെ കോട്ടയത്തേക്കും ഗ്രേഡ് എസ്ഐ എസ്.എൽ.സുജിത്, സിപിഒ വി.ചിന്ദു എന്നിവരെ ആലപ്പുഴയിലേക്കും സ്ഥലംമാറ്റി ദക്ഷിണമേഖലാ ഐജി ജി.സ്പർജൻ കുമാർ ഉത്തരവിറക്കി. കൊല്ലം റൂറൽ പൊലീസിലെ സംഘടനാ ഭാരവാഹികളാണിവർ.
‘ബാലഗോപാലാണ്, വിശ്വസിക്കാം’ എന്ന പേരിൽ അദ്ദേഹത്തിന്റെ ചിത്രം വച്ചുള്ള വിഡിയോയിൽ ഉദ്യോഗസ്ഥർ സംസാരിച്ചതാണു വിവാദമായത്. കൊട്ടാരക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി ഐഷ പോറ്റി ഡിജിപിക്കു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു നടപടി. ‘കൊട്ടാരക്കര പൊലീസ് ആസ്ഥാനത്തു വന്ന മാറ്റങ്ങൾ’ എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന വിഡിയോയിൽ, ബാലഗോപാലിനെ പുകഴ്ത്തി ഉദ്യോഗസ്ഥർ സംസാരിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
‘ധനമന്ത്രിയുടെ പ്രത്യേക താൽപര്യത്തിൽ നിർമാണം ആരംഭിച്ച റൂറൽ ജില്ലാ ആസ്ഥാനത്തിനു മുന്നിലാണു നമ്മൾ നിൽക്കുന്നത്’ എന്നു പറഞ്ഞ് ആസ്ഥാനത്തെ സൗകര്യങ്ങൾ വിശദീകരിക്കുന്നതായിരുന്നു വിഡിയോയിൽ. പൊലീസുകാർ പരസ്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്ന ചട്ടം ഇവർ ലംഘിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. വകുപ്പുതല നടപടിക്കു പുറമേ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണെന്നുമുള്ള ശുപാർശയോടെയാണു ഡിജിപിക്കു മുന്നിൽ റിപ്പോർട്ട് എത്തിയത്.

Post a Comment