റിയാദ്∙ സൗദി അറേബ്യയിലെ രണ്ട് പ്രധാന കേന്ദ്രങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതി നേതൃത്വം. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യാൻബുവിലെ അരാംകോ എണ്ണ സംസ്കരണ കേന്ദ്രങ്ങളിൽ നിന്നും പുകയുയരുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള സംഘർഷത്തിനിടെ ആദ്യമായി സൗദി തലസ്ഥാനമായ റിയാദ് ഇന്നലെ ആക്രമിക്കപ്പെട്ടിരുന്നു. റിയാദ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം സ്ഫോടനം നടന്നതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വിമാനത്താവള പരിസരങ്ങളിൽ ഇപ്പോഴും പുക ഉയരുന്നുണ്ട്. ആക്രമണത്തെക്കുറിച്ചു സൗദി ഔദ്യോഗികമായി പ്രതികരിച്ചില്ല.
ഇന്നലെ പുലർച്ചെ 2 തവണ റിയാദിൽ മിസൈൽ ആക്രമണ മുന്നറിയിപ്പ് വന്നതായി പ്രദേശവാസികൾ പറഞ്ഞു. പ്രാദേശിക സമയം പുലർച്ചെ മൂന്നിന് മുന്നറിയിപ്പു വന്നതിനു പിന്നാലെ ഉഗ്ര സ്ഫോടന ശബ്ദം കേട്ടു. പിന്നീട് സുരക്ഷാ മുന്നറിയിപ്പ് പിൻവലിച്ചു കൊണ്ടുള്ള സന്ദേശം ഫോണുകളിൽ ലഭിച്ചു. നിയം മേഖല വ്യോമാക്രമണ ഭീഷ ണിയിലാണെന്ന സന്ദേശമാണ് പുലർച്ചെ ഫോണുകളിൽ ലഭിച്ചത്. തുറസ്സായ സ്ഥലങ്ങളിലേക്ക് ആരും ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ടായിരുന്നു. റിയാദിലും അൽ ഖർജിലുമാണ് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയിരുന്നത്.
ഇതിനിടെ, തെക്കൻ യെമനിൽ സൗദി പിന്തുണയുള്ള യെമൻ സേനയും ഹൂതികളും തമ്മിലുള്ള പോരാട്ടത്തിൽ 48 പേർ മരിച്ചു. ഇതിൽ 17 പേർ യെമൻ സേനാംഗങ്ങളും 31 പേർ ഹൂതി വിമതരുമാണ്. യെമൻ തലസ്ഥാനമായ സനായിൽ വ്യോമക്രമണത്തിനുള്ള സൗദി ശ്രമം തകർത്തതായി ഹുതികൾ അവകാശപ്പെട്ടതിനു പിന്നാലെയാണ് റിയാദിൽ ആക്രമണം നടന്നത്. സൗദിക്കു നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തെ യുഎൻ സുരക്ഷാ സമിതി അപലപിച്ചു.

Post a Comment