തിരുവനന്തപുരം ∙ മലപ്പുറത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിന്റെ ബിൽ അടയ്ക്കേണ്ടത് സർക്കാരിനു വേണ്ടി ഹെലികോപ്റ്റർ കരാർ ഏറ്റെടുത്തിരുന്ന ചിപ്‌സൺ ഏവിയേഷൻ. കർണാടകയിലെ കോൺഗ്രസ് മന്ത്രി കെ.ജെ.ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റേതാണ് വിമാനം. ഇൗ വിമാനം പറത്തുന്നതിന്റെ ചുമതലയുള്ള ചിപ്‌സൺ ഏവിയേഷന് 19.88 ലക്ഷം രൂപയുടെ ഇൻവോയ്സ് കേളചന്ദ്ര ഏവിയേഷൻ കൈമാറി.
കഴിഞ്ഞ ശനിയാഴ്ച അവസാനിച്ച ഹെലികോപ്റ്റർ കരാർ പുതുക്കലും മുഖ്യമന്ത്രിക്ക് വിമാനം നൽകിയതും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്നാണ് ചിപ്‌സൺ ഏവിയേഷൻ അധികൃതരുടെ വിശദീകരണം. ഒരു ഓപ്പറേറ്റർ എന്ന നിലയിൽ വിമാനം ആവശ്യപ്പെട്ടാൽ ഇനിയും നൽകും.
എന്നാൽ, യാത്രയുടെ സ്പോൺസർ തങ്ങൾ തന്നെയാണോ എന്ന കാര്യം ചിപ്‌സൺ അധികൃതർ വ്യക്തമാക്കിയിട്ടില്ല. മലയാളിയായ പരിചയക്കാരനാണ് തനിക്കു വിമാനം ഏർപ്പെടുത്തിത്തന്നത് എന്നായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്.
പണം അടയ്ക്കേണ്ടത് ചിപ്‌സൺ ഏവിയേഷനാണെന്നു രേഖകൾ സൂചന നൽകുന്നതിനാൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ സുഹൃത്ത് ആരാണെന്നത് അറിവായിട്ടില്ല. മലപ്പുറത്ത് അടിയന്തരമായി എത്താൻ ചിപ്സൺ ഏവിയേഷനോട് സഹായം ആവശ്യപ്പെട്ടപ്പോൾ അവർ വിമാനം എത്തിച്ചുനൽകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കരാർ കാലാവധി കഴിഞ്ഞതിനാൽ ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ ലഭ്യമായിരുന്നില്ല.
പകരം വിമാനം ലഭ്യമാക്കിയതിനു സർക്കാരിനു പണം നൽകാമായിരുന്നെങ്കിലും 20 ലക്ഷത്തോളം രൂപയുടെ യാത്രച്ചെലവ് വിവാദം സൃഷ്ടിക്കുമെന്നതിനാൽ സ്പോൺസർഷിപ് മതിയെന്നു തീരുമാനിച്ചെന്നാണ് സൂചന. ആ തീരുമാനം വിവാദമാവുകയും ചെയ്തു. ചെലവായ തുക വഹിക്കുക ചിപ്സനാണോ അതോ മറ്റാരെങ്കിലുമാണോ എന്നാണ് ഇനി അറിയേണ്ടത്.




Post a Comment