വടകര: എം.ഡി.എം.എ കേസില്‍ പ്രതിയായി ജാമ്യത്തില്‍ കഴിയുന്ന അധ്യാപികയ്ക്ക് പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വെച്ച് കുത്തേറ്റു. പേരാമ്പ്ര ബി.ആര്‍.സിയിലെ മുന്‍ കരാര്‍ അധ്യാപികയായ കീര്‍ത്തനയ്ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ കീര്‍ത്തനയുടെ ഭര്‍ത്താവ് വിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വടകര പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.
ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടാന്‍ എത്തിയതായിരുന്നു കീര്‍ത്തന. ഇതിനിടെ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ഭര്‍ത്താവ് വിനീഷ് ഇവരെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. കഴുത്തിന് ഉള്‍പ്പെടെ അഞ്ചോളം കുത്തുകളേറ്റ കീര്‍ത്തനയെ ഗുരുതരമായ പരിക്കുകളോടെ ആദ്യം വടകര ഗവ. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ലഹരിമരുന്ന് വില്‍പ്പനക്കാരുടെയും ഉപഭോക്താക്കളുടെയും ഇടയിലെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചതിനാണ് കീര്‍ത്തനയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ കേസില്‍ പ്രതിയായതിന് പിന്നാലെ ഇവരെ പേരാമ്പ്ര ബി.ആര്‍.സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപിക ജോലിയില്‍നിന്ന് അധികൃതര്‍ പിരിച്ചുവിട്ടിരുന്നു.


Post a Comment